മലപ്പുറം: ബസ് യാത്രക്കിടെ കാലിൽ ചവിട്ടരുതെന്ന് പറഞ്ഞതിന് വയോധികനെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. കേസിലെ പ്രതി ഷഹീർ ബാവയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് റൂട്ടിലെ സ്വകാര്യബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. താഴേക്കോട് സ്വദേശി ഹംസ (65)യ്ക്ക് ആണ് മർദനമേറ്റത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു.
യുവാവ് വയോധികനെ ബസിനുള്ളിൽ വച്ചും പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയും ചെയ്തു. മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.